*വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍*
ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്നയാള്‍ ആർ.സി.ബുക്കിൽ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ പൊലീസിന് തന്നെ ലഭിച്ചിരുന്നു. വാങ്ങുന്നയാള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയായിരുന്നു. നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍.ടി. ഓഫീസില്‍ നല്‍കിയാണ് രജിസ്ട്രേഷന്‍ മാറ്റുന്നത്. എന്നാൽ ഇനിമുതല്‍ രജിസ്ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കായിരിക്കും. ഇതുപ്രകാരം, രജിസ്ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാളാണ് മുന്‍കൈയെടുക്കേണ്ടത്.
വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റാന്‍ മോട്ടോർ വാഹന വകുപ്പിന് കീഴിൽ പുതിയ നടപടിക്രമങ്ങള്‍ നിലവില്‍വന്നു. രജിസ്ട്രേഷന് വാഹന്‍ 4 സോഫ്റ്റ്വെയർ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്. മെയ് മാസത്തോടെ സംസ്ഥാനത്ത് ഇത് പൂർണമായി നടപ്പിൽവരും
വാഹനം വില്‍ക്കുന്നയാള്‍ ഇനി ഓണ്‍ലൈനിലൂടെയാണ് കൈമാറ്റഫോറം അപേക്ഷ സമര്‍പ്പിക്കേണ്ടത്. വാങ്ങുന്നയാളിന്റെ മേല്‍വിലാസത്തിനൊപ്പം മൊബൈല്‍ നമ്പറും ഓണ്‍ലൈനായി നല്‍കണം. ഈ മൊബൈല്‍ നമ്പറില്‍ വരുന്ന ഒ.ടി.പി. കൂടി കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയാലേ അപേക്ഷസമര്‍പ്പണം പൂര്‍ത്തിയാകുകയുള്ളൂ. ഫീസും ഓണ്‍ലൈനായി അടയ്ക്കണം.
പൂരിപ്പിച്ച അപേക്ഷ, ഫീസ് രസീത് എന്നിവയുടെ പ്രിന്റൗട്ടും ഒറിജിനല്‍ ആര്‍.സി.യുമായി വില്‍ക്കുന്നയാള്‍ പിന്നീട് നേരിട്ട് ആര്‍.ടി. ഓഫീസിലെത്തിയും അപേക്ഷ നല്‍കണം. ഈ ഓഫീസില്‍ വാഹനവുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയശേഷം ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഒറിജിനല്‍ ആര്‍.സി. ഉപയോഗശൂന്യമാക്കിയശേഷം വാഹനം വിറ്റ വ്യക്തിക്ക് നല്‍കും. ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുക്കുമ്പോള്‍ തന്നെ വാഹനത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം വാങ്ങിയ ആളിന്റെ താമസസ്ഥലത്തെ ആര്‍.ടി. ഓഫീസിലും ലഭ്യമാകും. ഇവിടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയായിരിക്കും പുതിയ ആര്‍.സി. തയ്യാറാക്കുക. വാഹനം വാങ്ങുന്നയാള്‍ ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുമായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്നമുറയ്ക്ക് പുതിയ ആര്‍.സി. ലഭിക്കും.
#keralapolice
No comments:
Post a Comment