ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിവരങ്ങള്‍
മോട്ടോര്‍വാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കേണ്ടതാണ്. (ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനും ഇൻഷുറൻസ് പുതുക്കിയതിനു ശേഷമേ വാഹനം വിട്ടുനൽകാവൂ എന്ന കോടതി വിധി നിലവിലുണ്ട്) ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് ക്യാരിയേജുകളില്‍ കണ്ടക്ടര്‍ ലൈസന്‍സും പരാതി പുസ്തകവും ഇവയ്ക്കൊപ്പം ഉണ്ടാകണം.
അപകടകരമായ വസ്തുക്കള്‍ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മേല്‍വിവരിച്ച രേഖകള്‍ക്കൊപ്പം ഫസ്റ്റ് എയ്ഡ്കിറ്റ്, സുരക്ഷാ ഉപകരണങ്ങള്‍, ടൂള്‍ബോക്സ്, മരുന്നുകള്‍ എന്നിവയും വാഹനത്തില്‍ കൊണ്ടുപോകുന്ന സാധനത്തെക്കുറിച്ചുളള പൂര്‍ണ്ണവും അത്യന്താപേക്ഷിതവുമായ രേഖാമൂലമുളള വിവരങ്ങളും വാഹനത്തില്‍ സൂക്ഷിച്ചിരിക്കണം. കൂടാതെ ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 9 പ്രകാരമുളള ലൈസന്‍സ് ഉണ്ടായിരിക്കണം.
രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകര്‍പ്പോ വാഹനത്തില്‍ സൂക്ഷിക്കാം. വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനല്‍ ഇല്ലെങ്കില്‍ 15 ദിവസത്തിനകം വാഹനത്തിന്‍റെ ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് ഹാജരാക്കിയാല്‍ മതി. പക്ഷെ ഡ്രൈവിംഗ് ലൈസെൻസ് ഒറിജിനൽ കരുതണം. രേഖകള്‍ കൈവശമില്ലെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 177 പ്രകാരം 100 രൂപ പിഴ ഈടാക്കാം. പരിശോധനസമയത്ത് ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഒരു മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ ആണ് ശിക്ഷ.
#keralapolice #roadsafety #offencesandpenalities
No comments:
Post a Comment