My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Wednesday, June 10, 2020

ചെക്ക് കേസുകൾ ക്രിമിനൽ കുറ്റം അല്ലാതാക്കി മാറ്റാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.

ചെക്ക് കേസുകൾ ക്രിമിനൽ കുറ്റം അല്ലാതാക്കി മാറ്റാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ക്ഷണിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. സർക്കാരിന്റെ നീക്കത്തോട് പൂർണമായും യോജിക്കുന്നു. 

അക്കൗണ്ടിൽ പണമില്ലാത്തത്തിന്റെ പേരിൽ ചെക്ക് മടങ്ങുന്നതിനെ ഒരു ക്രിമിനൽ കുറ്റമാക്കുന്ന നിയമമാണ് നെഗോഷ്യബൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിലെ 138ആം വകുപ്പ്. പണം വായ്‌പ വാങ്ങുന്ന പാവങ്ങളെ ഈ നിയമം ഉപയോഗിച്ച് ബ്ലേഡുകാർ ഉപദ്രവിക്കുന്നത് വ്യാപകമാണ്. ലോൺ എടുക്കുന്ന സമയത്ത് ഈടായി ഒപ്പിട്ട് വാങ്ങുന്ന ബ്ലാങ്ക് ചെക്ക് ഉപയോഗിച്ചാണ് തിരിച്ചടവ് മുടങ്ങുന്ന സമയത്ത് ക്രിമിനൽ കേസ് ഫയൽ ചെയ്യുന്നത്. ഇതോടെ ലോൺ എടുത്തവൻ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു ക്രിമിനൽ കേസിൽ പ്രതിയാകും.  സിവിൽ സ്വഭാവമുള്ള ഈ കേസ് ക്രിമിനൽ കുറ്റമായി പരിഗണിക്കാതെ കേവലം ഒരു സിവിൽ കേസ് ആയി പരിഗണിക്കണം എന്നാണ് എന്റെ അഭിപ്രായം.

1881ൽ സായിപ്പ് നെഗോഷ്യബൾ ഇൻസ്ട്രുമെന്റ്‌സ് ആക്റ്റ് ഉണ്ടാക്കിയ വേളയിൽ ചെക്ക് മടങ്ങുന്നത് ഒരു ക്രിമിനൽ കുറ്റമായിരുന്നില്ല. 1988ൽ നിയമം ഭേദഗതി ചെയ്താണ് അതൊരു ക്രിമിനൽ കുറ്റമാക്കി മാറ്റിയത്. സാധാരണ ഗതിയിൽ സമൂഹത്തെ ഒന്നടങ്കം ദോഷകരമായി ബാധിക്കുന്ന ഒരു പ്രവർത്തിയെ മാത്രമാണ് ക്രിമിനിൽ കുറ്റമാക്കാറുള്ളത്. വ്യക്തികൾ തമ്മിലുള്ള  ചെക്ക് ഇടപാടുകൾ മുടങ്ങുന്നത് ക്രിമിനൽ കുറ്റമാകേണ്ട ഒരു സാമൂഹിക വിപത്ത് അല്ലല്ലോ. ചെക്ക് ഇടപാടുകളുടെ വിശ്വാസ്യത വർധിപ്പിക്കുക എന്ന ന്യായം പറഞ്ഞാണ്  ഇടപാടുകാരെ മാത്രം ബാധിക്കുന്ന, സമൂഹത്തെ ഒരു നിലക്കും ബാധിക്കാത്ത, സിവിൽ സ്വഭാവമുള്ള ഒരു പ്രവർത്തിയെ ക്രിമിനൽ കുറ്റമാക്കി മാറ്റിയത്.  സിവിൽ കുറ്റം ചെയ്തവരെ ക്രിമിനൽ നടപടി നിയമത്തിന്റെ കരാളഹസ്തം കൊണ്ട് വേട്ടയാടുന്നത് ചെക്ക് ഇടപാടുകളുടെ വിശ്വാസ്യത വർധിപ്പിക്കാനാണ് എന്ന ന്യായം പറഞ്ഞു നീതികരിക്കാനാവില്ല. 

കേസിലെ പരാതിക്കാരന് അന്യായമായ ഒരുപാട് ആനുകൂല്യങ്ങൾ നൽക്കുന്നുണ്ട് പ്രസ്തുത നിയമം. സാധാരണ സ്വകാര്യ അന്യായത്തിൽ ചെയ്യുന്നത് പോലെ ചെക്ക് കേസുകളിൽ പരാതിക്കാരന് സാക്ഷി കൂട്ടിൽ കയറി മജിസ്‌ട്രേറ്റിന്റെ വിസ്താരത്തിന് വിധേയനാകേണ്ടതില്ല. ആദ്യ വിസ്താരവും പരാതിക്കാരൻ സാക്ഷികൂട്ടിൽ കയറി പറയേണ്ടത് ഇല്ല, സത്യവാങ്മൂലം സമർപ്പിച്ചാൽ മതി. മറ്റ് ക്രിമിനൽ കേസിൽ ഒന്നുമില്ലാത്ത ഇടക്കാല നഷ്ടപരിഹാരം പോലുമുണ്ട് ഇപ്പോൾ ചെക്ക് കേസുകളിൽ. സിവിൽ സ്വഭാവമുള്ള ക്രിമിനൽ കുറ്റം എന്ന പരിഗണനയിൽ ഒരുപാട് ആനുകൂല്യം പരാതിക്കാരന് നൽകുന്ന നിയമം അത്തരം ആനുകൂല്യങ്ങൾ ഒന്നും തന്നെ പ്രതിക്ക് നൽകുന്നില്ല. പ്രതി സാധാരണ ക്രിമിനൽ കേസിലേത് പോലെ രണ്ട് ഭൂവുടമകളെ കോടതിയിൽ ഹാജരാക്കി ജാമ്യം എടുക്കണം. കേസിന് ഹാജറാകാതെ വാറന്റ് അയാൽ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തും, പിടിക്കിട്ടാ പുള്ളിയായി പ്രഖ്യാപിക്കും, സ്വത്ത് ജപ്തി ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ,  പ്രതിക്ക് ദോഷമായ വ്യാഖ്യാനങ്ങളുള്ള വിധികളാണ് ഇപ്പോൾ ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്ന് പോലുമുണ്ടാകുന്നത്. 

ഇത് ഒറ്റപ്പെട്ട നിയമമല്ല. 2007ലെ Payment and Settlement Systems Actന്റെ 25ആം വകുപ്പ് വായിച്ചാൽ മനസിലാകും ഈ ക്രിമിനൽവത്കരണം എത്ര മാത്രം ഭീകരമായിരിക്കുന്നു എന്ന്. സിവിൽ നിയമം കാര്യക്ഷമമല്ല എന്ന വിമർശം ഉയരുമ്പോൾ അതിനെ മറികടക്കാൻ വേണ്ടി ഭരണകൂടം കണ്ടെത്തിയ എളുപ്പ വഴിയാണ് സിവിൽ കുറ്റത്തെ ക്രിമിനൽവത്കരിക്കുക എന്നത്. 
ഇത്തരം എളുപ്പ വഴികളല്ല നീതിന്യായ വ്യവസ്ഥക്ക് വേണ്ടത്. കഴുത്തറപ്പൻ കോർട് ഫീ കുറയ്ക്കുന്നത് ഉൾപ്പെടെ സിവിൽ നിയമത്തെ കൂടതൽ കാര്യക്ഷമമാക്കുന്ന നിയമ പരിഷ്‌കാരങ്ങൾ ആണ് വേണ്ടത്.